12:49pm 19 May 2026
NEWS

മോഡലാകൻ കൊതിച്ചവൾ അധോലോകത്തിന്റെ നായികയായി; ‘ക്വീൻ മാഡം പിങ്കി’ അൻമോളുടെ കഥ

18/05/2026  10:23 AM IST
nila
 മോഡലാകൻ കൊതിച്ചവൾ അധോലോകത്തിന്റെ നായികയായി; ‘ക്വീൻ മാഡം പിങ്കി’ അൻമോളുടെ കഥ

കറാച്ചിയിലെ സമ്പന്നരുടെ ആവാസകേന്ദ്രങ്ങളായ ഡിഎച്ച്എ, ക്ലിഫ്റ്റൺ മേഖലകളിൽ വർഷങ്ങളായി നിശ്ശബ്ദമായി പ്രവർത്തിച്ചിരുന്ന ഒരു ലഹരി ശൃംഖലയുടെ കേന്ദ്രബിന്ദുവായിരുന്നു 29കാരിയായ അൻമോൾ. ‘പിങ്കി’ എന്ന പേരിൽ അധോലോകത്ത് അറിയപ്പെട്ടിരുന്ന ഈ യുവതി, വാട്സാപ്പ് ഗ്രൂപ്പുകളും സ്ത്രീകളെ ഉപയോഗിച്ച രഹസ്യ വിതരണ സംവിധാനങ്ങളും വഴി കൊക്കെയ്ൻ വ്യാപാരം നിയന്ത്രിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു. പാക്കിസ്ഥാനിലെ ലഹരി മാഫിയ ചരിത്രത്തിൽ തന്നെ അപൂർവമായി ചർച്ചചെയ്യപ്പെടുന്ന സ്ത്രീ അധോലോക നേതാക്കളിൽ ഒരാളായാണ് പിങ്കിയെ ഇപ്പോൾ കാണുന്നത്.

മോഡലിങ് സ്വപ്നങ്ങളിൽ നിന്ന് ലഹരി ലോകത്തേക്ക്

1995ൽ കറാച്ചിയിലെ ബലോച് പാരാ പ്രദേശത്താണ് അൻമോൾ ജനിച്ചത്. കൗമാരപ്രായത്തിൽ തന്നെ മോഡലിങ് രംഗത്തേക്ക് കടക്കാനായിരുന്നു അവളുടെ ശ്രമം. 14-ാം വയസ്സിൽ വീട് വിട്ടിറങ്ങിയ അൻമോൾ പിന്നീട് നഗരത്തിലെ ആഡംബര പാർട്ടികളിലും നൃത്തവേദികളിലും സജീവ സാന്നിധ്യമായി. ഈ വേദികളിലൂടെ സ്വാധീനശക്തിയുള്ള വ്യക്തികളുമായി ബന്ധം സ്ഥാപിച്ച അൻമോൾ, പിന്നീട് അതേ ബന്ധങ്ങൾ ലഹരി വ്യാപാര ശൃംഖല വികസിപ്പിക്കാൻ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ വിവാഹം ലഹരി മാഫിയ ബന്ധമുള്ള അഭിഭാഷകനുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ആ ബന്ധത്തിലൂടെയാണ് അന്തർദേശീയ ലഹരി കടത്ത് ശൃംഖലകളെക്കുറിച്ചുള്ള അറിവ് അവൾക്ക് ലഭിച്ചത്. പിന്നീട് വിവാഹമോചനത്തിന് ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി വിവാഹിതയായതോടെ നിയമ സംവിധാനത്തിലെ പോരായ്മകൾ പോലും സ്വന്തം സുരക്ഷയ്ക്കായി ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നു.

‘ക്വീൻ മാഡം പിങ്കി’ എന്ന ബ്രാൻഡ്

വിതരണക്കാരിയായി മാത്രം ഒതുങ്ങാതെ, സ്വന്തം ബ്രാൻഡിൽ കൊക്കെയ്ൻ നിർമിച്ചും വിപണനം ചെയ്തും പിങ്കി ശ്രദ്ധേയയായി. ഇന്റർനെറ്റിലൂടെ ലഹരി നിർമാണ രീതികൾ പഠിച്ച അവൾ രഹസ്യ നിർമാണ കേന്ദ്രങ്ങൾ വരെ നടത്തിയിരുന്നുവെന്നാണ് അന്വേഷണ വിവരം. ‘ക്വീൻ മാഡം പിങ്കി – ആ പേര് മാത്രം മതി’ എന്ന രീതിയിലുള്ള പരസ്യങ്ങളിലൂടെ ഉൽപന്നങ്ങൾ വിപണനം ചെയ്തതും വലിയ ചർച്ചയായി. പാക്കിസ്ഥാനിൽ ഏറ്റവും മികച്ച കൊക്കെയ്ൻ നിർമ്മിക്കുന്നത് താനാണെന്ന ആത്മവിശ്വാസം പൊലീസിനോടുപോലും തുറന്നുപറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സ്ത്രീകളെ ഉപയോഗിച്ച രഹസ്യ ശൃംഖല

സഹോദരന്മാരായ നാസിറിനെയും ഷൗക്കത്തിനെയും കേന്ദ്രീകരിച്ചായിരുന്നു പിങ്കിയുടെ വിതരണ സംവിധാനം. പഞ്ചാബിൽ നിന്ന് കറാച്ചിയിലേക്ക് ട്രെയിനുകളിൽ സ്ത്രീകളെ ‘കാരിയർമാരായി’ ഉപയോഗിച്ച് ലഹരി കടത്തും. റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന പാക്കറ്റുകൾ പിന്നീട് ബൈക്ക് റൈഡർമാർ വഴി ഉപഭോക്താക്കൾക്ക് കൈമാറുകയായിരുന്നു പതിവ്.

സോഷ്യൽ മീഡിയയും എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകളും ഉപയോഗിച്ചതിനാൽ പൊലീസിന് ശൃംഖലയെ പിന്തുടരുന്നത് ദുഷ്കരമായിരുന്നു. തിരിച്ചറിയൽ ഒഴിവാക്കാൻ സ്വന്തം വിരലടയാളങ്ങൾ ആസിഡ് ഉപയോഗിച്ച് നശിപ്പിച്ചെന്ന വിവരവും പുറത്തുവന്നു. അഞ്ച് വർഷം മുൻപ് ഒരിക്കൽ പിടിയിലായിട്ടും കോടികൾ കൈക്കൂലി നൽകി രക്ഷപ്പെട്ടുവെന്ന ആരോപണവും ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്.

ഒടുവിൽ പിടിയിലായത് എങ്ങനെ?

‘കറാച്ചിയിൽ ഞങ്ങൾ പരസ്യമായി പ്രവർത്തിക്കുന്നു; തടയാൻ കഴിയുമെങ്കിൽ തടയൂ’ എന്ന വെല്ലുവിളി നിറഞ്ഞ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പിങ്കിക്കെതിരായ അന്വേഷണം ശക്തമായത്. തുടർന്ന് കറാച്ചി പൊലീസും ഫെഡറൽ ഏജൻസികളും ചേർന്ന് നടത്തിയ റെയ്ഡിൽ പിങ്കി പിടിയിലായി. കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ, രാസവസ്തുക്കൾ, ആയുധങ്ങൾ എന്നിവയും പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

‘വിഐപി’ പരിഗണന വിവാദമായി

അറസ്റ്റിന് ശേഷവും പിങ്കി വാർത്തകളിൽ നിറഞ്ഞുനിന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ കൈവിലങ്ങില്ലാതെ, സൺഗ്ലാസ് ധരിച്ച്, കയ്യിൽ വെള്ളക്കുപ്പിയുമായി നടന്നെത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കി. സാധാരണ കുറ്റവാളികൾക്ക് ലഭിക്കാത്ത ‘വിഐപി പരിഗണന’ എന്തിനാണ് നൽകിയതെന്ന ചോദ്യമാണ് ഉയർന്നത്.

സംഭവത്തിൽ വിവാദം ശക്തമായതോടെ സിന്ധ് ആഭ്യന്തര മന്ത്രി സിയാവുൽ ഹസ്സൻ ലഞ്ജാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിങ്കിയുടെ കഥ പാക്കിസ്ഥാനിലെ സമ്പന്ന സമൂഹത്തിനിടയിലെ ലഹരി ഉപയോഗവും അധികാര-അഴിമതി ബന്ധങ്ങളും തുറന്നുകാട്ടുന്നതാണെന്ന വിലയിരുത്തലാണ് രാജ്യാന്തര നിരീക്ഷകർ നടത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img